വറ്റിപ്പോയ ജ്ഞാനസിന്ധു


സുകുമാര്‍ അഴീക്കോടെന്നാല്‍ എനിക്ക് ഭാരതീയതയെപ്പറ്റി രണ്ടു പതിറ്റാണ്ട് മുന്‍പ് അദ്ദേഹം നടത്തിയ പ്രഭാഷണ പരമ്പരയാണ്. അച്ഛന്‍റെ പഴയ പത്ര കട്ടിംഗുകളുടെ ശേഖരത്തില്‍നിന്ന് കിട്ടിയ മുത്തുകളിലൊന്ന്. പരമ്പരയുടെ ആദ്യദിവസം ആമുഖമായി താനേറ്റെടുത്ത ജോലിയുടെ കാഠിന്യത്തെപ്പറ്റി കാളിദാസനെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു, "എനിക്ക് കടക്കാനുള്ളത് കടലും, എന്‍റെ വാഹനം ഒരു ചെറുതോണിയുമാണ്‌" എന്ന്. പൊടിഞ്ഞുത്തുടങ്ങിയ ആ മഞ്ഞതാളുകളില്‍ ഞാന്‍ കണ്ട് വിസ്മയിച്ചതും അങ്ങനെയൊരു സാഗരമായിരുന്നു- അറിവിന്‍റെ സീമയില്ലാത്ത ആഴവും പരപ്പും. പാശ്ചാത്യമെന്നോ പൌരസ്ത്യമെന്നോ, ഗണിതമെന്നോ  സാഹിത്യമെന്നോ, പ്രാചീനമെന്നോ നവീനമെന്നോ ഭേദമില്ലാതെ ഒരഭ്യാസിയുടെ വഴക്കത്തോടെ അദ്ദേഹം വിഷയങ്ങളെടുത്ത്‌ അമ്മാനമാടി. പ്രകര്‍ഷേണ ബന്ധമില്ലാത്ത രണ്ടു ഒന്നുകളെ ചേര്‍ത്ത് ഇമ്മിണി ബല്യ ഒന്നാക്കുന്ന പ്രതിഭാവിലാസം- ഒരുപക്ഷേ ആദ്യമായി- കണ്ടു ഞാന്‍ അന്തംവിട്ടു.

"ഭാരതീയത" ഓരോ ദിവസവും കേട്ടെഴുതിയെടുത്ത്‌ പത്രത്തില്‍ കൊടുത്തിരുന്നത് താനായിരുന്നുവെന്ന് എഴുത്തുകാരനും  ആകാശവാണിയിലെ  മുന്‍ ഉദ്യോഗസ്ഥനുമായ എസ്.ഗോപാലകൃഷ്ണന്‍ ഈയിടെ പറഞ്ഞത് രണ്ടുപേരുടെയും ശൈലിയുടെ ആരാധകനായ എന്നെ ആവേശംകൊള്ളിച്ചു. ചുറ്റുമുള്ള അല്‍പവിഭവന്മാരെ തള്ളിയകറ്റാന്‍ ശേഷിയുള്ള മാഷിന്‍റെ ധിഷണയുടെ ശക്തിവലയത്തെപ്പറ്റി സ്വതസിദ്ധമായ രീതിയില്‍ ചേട്ടന്‍ അന്ന് വിവരിച്ചു. നിര്‍ഭാഗ്യവശാല്‍, കേരളത്തിന്‍റെ വര്‍ത്തമാനകാലത്തിന് കൂടുതല്‍ പരിചയം എന്തിലും ഏതിലും ഇടപെടുന്ന ഒരു വഴക്കാളിയെ ആയിരിക്കും. വ്യക്തിയുടെ സ്വകാര്യതയെ തൃണവല്‍ഗണിക്കുന്ന  മാധ്യമാഘോഷത്തില്‍  അശ്ലീലമായിമാറിയ ഒരു ഭഗ്നപ്രണയകഥയിലെ നായകനെയും. അതില്‍ മുഖ്യപങ്ക് വഹിച്ചത് നമ്മുടെ പ്രതിഭകളെയെല്ലാം ഒരു പ്രായം കഴിയുമ്പോള്‍ ഗ്രസിക്കുന്ന ജരാതുരത്വം (senility) തന്നെയാണെന്നതില്‍ തര്‍ക്കമില്ല. ശബ്ദമില്ലാത്തവര്‍ക്ക് വേണ്ടി ശബ്ദിച്ച നാവിന് ഒന്ന് കടിഞ്ഞാണിടാന്‍ പറ്റിയിരുന്നെങ്കില്‍ ആ ജീവിതസായാഹ്നം ഒരുപാടധികം പ്രസന്നവും ആദരണീയവുമായേനെ.

സത്യജിത്‌ റേയുടെ നിര്യാണത്തിനു പിറ്റേന്നത്തെ ഒരു പത്രപ്പരസ്യം ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നു- ഒഴിഞ്ഞു കിടക്കുന്ന സംവിധായകന്‍റെ കസേര. അഴീക്കോട് മാഷ്‌ പ്രസംഗം നിര്‍ത്തി ഇറങ്ങിപ്പോയ വേദിയും ശൂന്യമായിത്തന്നെ കിടക്കും. കാരണം ഇന്ന് വറ്റിപ്പോയത് ജ്ഞാനത്തിന്‍റെ അഗാധസിന്ധുവാണ്. ബാക്കിയായവരുടെ കൊച്ചറിവുകളുടെ എത്ര നീര്‍ച്ചാലുകള്‍ ചേര്‍ന്നാലും അതെങ്ങനെ നിറയാന്‍!

Image courtesy: Kannan Shanmugam, Shanmugam Studio, Kollam (from Wikipedia)

യക്ഷിയും ഞാനും...*


ഒന്‍പതാം ക്ലാസ്സിലെ വര്‍ഷാവസാനപ്പരീക്ഷക്കാലം. ജഗതിക്കടുത്ത് ഒരു ചെറിയ അമ്പലത്തിലെ ഉത്സവം നടക്കുന്നു. ഒരുദിവസം രാത്രി നാടകം- "യക്ഷി". പണ്ട് നാട്ടിലെ ഉത്സവങ്ങളില്‍ നാടകങ്ങള്‍ക്ക് പോവാന്‍ വിരളമായിക്കിട്ടിയ അവസരങ്ങളുടെ ഓര്‍മയും അന്നത്തെ കടുത്ത മലയാറ്റൂര്‍ ആരാധനയും കാരണം ഇരിക്കപ്പൊറുതി കിട്ടാതായി. ഒടുവില്‍ എങ്ങനെയോ പോവാന്‍ സമ്മതം കിട്ടി. എങ്ങനെയെന്ന് ഇപ്പോഴും അറിയില്ല, അപൂര്‍വമായി ഇങ്ങനെ ചില കാരുണ്യങ്ങള്‍ അമ്മയില്‍ നിന്ന് കിട്ടിയിട്ടുണ്ട്. ഒന്‍പതാം ക്ലാസ്സ്‌ തുടക്കത്തില്‍ മ്യൂസിയം ഓഡിറ്റോറിയത്തില്‍വച്ച് ഒരിക്കലൊരു ദ്വിദിന ചലച്ചിത്ര ആസ്വാദനശിബിരം ('ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍' ഒക്കെ കണ്ടു കോരിത്തരിച്ചത് അന്നാണ്), പിന്നീട് പ്രീഡിഗ്രിക്കാലത്ത് ചലച്ചിത്ര അക്കാദമി വളപ്പില്‍ ആഴ്ചതോറുമുള്ള വിദേശചിത്രപ്രദര്‍ശനങ്ങള്‍- മകന്‍ വഴിതെറ്റിപ്പോവുമോ എന്ന നിതാന്തഭയം ഭരിച്ച ഒരമ്മയ്ക്കുണ്ടായ ഈ അലിവുകള്‍ രേഖീയമായ എന്‍റെ പഠിപ്പിസ്റ്റ്‌ ജീവിതത്തില്‍ ഇടപെട്ട് തിരഞ്ഞെടുക്കേണ്ട വഴിയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.

അച്ഛനോടൊപ്പം അര്‍ധരാത്രിയോടെ അമ്പലപ്പറമ്പിലെത്തി. അക്ഷരാര്‍ഥത്തില്‍ ജീവന്‍ കയ്യില്‍പ്പിടിച്ചിരുന്ന രണ്ടു മണിക്കൂറുകളായിരുന്നു പിന്നെ. പ്രൊഫഷണല്‍ നാടകത്തിലെ സാങ്കേതികവിദ്യകള്‍ സിനിമയുടേതിനെ കടത്തിവെട്ടുമെന്നുതോന്നി. അത്രയും ഭീതിദമായി, എന്നാല്‍ പ്രമേയത്തിന്റെ ഗൌരവം ചോരാതെ, പക്വതയോടെ മലയാറ്റൂരിന്റെ ഉജ്ജ്വലസൃഷ്ടി അരങ്ങിലെത്തി. ട്രൂപ്പ് എതെന്നൊന്നും ഓര്‍മയില്ല. മൊത്തത്തില്‍ ഞെട്ടിക്കുന്ന ഒരു സര്‍റിയല്‍  അനുഭവമായി ആ രാത്രി മനസ്സില്‍ കിടക്കുന്നതുകൊണ്ടാണോ ആവോ പിന്നീട് പുസ്തകമോ സിനിമയോ തേടിപ്പിടിക്കാന്‍ ശ്രമിച്ചുമില്ല. പിന്നെയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ക്വിസ്സിന് ചോദ്യങ്ങളുണ്ടാക്കവേ യക്ഷിയെ വീണ്ടും പിടിച്ചു. 1967-ല്‍ പുറത്തിറങ്ങി '68-ല്‍ ചലച്ചിത്രമായ, '93-ല്‍ BBC World Service-ന്‍റെ "Off the Shelf" പരിപാടിയില്‍ വായിക്കപ്പെട്ട, സൈക്കഡെലിക് വിഭ്രാന്തി പ്രമേയമായ മലയാളനോവല്‍ ഏതെന്ന ചോദ്യത്തിന് ആരും ഉത്തരം പറഞ്ഞില്ല എന്നോര്‍മ. 

ഇപ്പോള്‍ ഇതൊക്കെ ഓര്‍ക്കാന്‍ കാര്യം? ശാലിനി ഉഷ നായരുടെ "അകം" എന്ന പുതിയ ചിത്രം യക്ഷിയെ ആസ്പദമാക്കിയാണത്രേ. പണ്ട് ഹേമാമാലിനി അയ്യരോട് ചോദിക്കാതെ യക്ഷിയെ 'മോഹിനി'യാക്കി 'മഗ്നാനിമിറ്റിയുടെ ലിമിറ്റ്' ക്രോസ്സ് ചെയ്തതാണ്. ഇത് അതുപോലെയല്ല. ആട്രിബ്യൂഷന്‍ ഒക്കെ കൃത്യമായി നടത്തിയിട്ടുണ്ട്. കേട്ടപ്പോള്‍ ആദ്യചിന്ത "അയ്യോ, ഇതെന്തേ ഇതുവരെ ആരും ചെയ്തില്ല?" എന്നാണ്. മുന്‍പ്‌ യക്ഷിചിത്രങ്ങളുടെ തരംഗം ഉണ്ടായപ്പോഴും, "രതിനിര്‍വേദം" പോലെ അനാവശ്യവും വികലവുമായ റീമേക്കുകള്‍ക്ക് പണം മുടക്കാന്‍ ആളുണ്ടാകുമ്പോഴും ഇത്രയധികം സാധ്യതകളുള്ള ഈ പ്രമേയം എന്തേ ആരും ഓര്‍ത്തില്ല? ശ്രദ്ധേയമായ കാര്യം ഇത് പഴയ സേതുമാധവന്‍ ചിത്രത്തെ അവലംബിച്ചല്ല, മറിച്ച് മൂലകൃതിയുടെ (കാലാനുസൃതമായ മാറ്റങ്ങളോടുകൂടിയ?) സ്വതന്ത്ര ചലച്ചിത്രാഖ്യാനമാണ് എന്നതാണ്. കുറച്ചു ദശകങ്ങളായി സാഹിത്യത്തിനു പുറംതിരിഞ്ഞു നില്‍ക്കുന്ന മുഖ്യധാരാമലയാളസിനിമയില്‍ ഒരു ചെറിയ മാറ്റവും ഇത് കുറിക്കുന്നു ('69-നു ശേഷം ഇവിടെ സാഹിത്യം ഉണ്ടായിട്ടില്ലേ എന്ന ചോദ്യം പ്രസക്തമാണ്**). 

തരക്കേടില്ല എന്നതില്‍ക്കവിഞ്ഞ്‌ ഒരു ചലച്ചിത്രം എന്ന നിലയില്‍ അത്ര വലിയ പ്രതീക്ഷയൊന്നും ട്രെയിലര്‍ മുന്നോട്ട് വയ്ക്കുന്നതായി തോന്നിയില്ല. ശാലിനി ആള്‍ പുലിയാണെന്ന് പറയപ്പെടുന്നു, പക്ഷേ ഇതിലും വല്യ പുലികള്‍ സിനിമ ഇറങ്ങിക്കഴിയുമ്പോള്‍ എലികളാവുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എനിക്കിതില്‍ ഏറ്റവും സന്തോഷം തരുന്ന ഭാഗം മലയാളസിനിമയില്‍ അപൂര്‍വമായി മാത്രം തെളിയുന്ന "Based on the novel" എന്ന ക്രെഡിറ്റാണ്. മൂലകൃതിയോടുള്ള ഇഷ്ടവും ചലച്ചിത്രകാരി സ്വാതന്ത്ര്യങ്ങള്‍ എടുക്കാന്‍ തയ്യാറായെന്നതും ആ സന്തോഷം കൂട്ടുന്നു. പെട്ടെന്ന് വീണ്ടും മനസ്സില്‍ വരുന്നത് പുതിയ "രതിനിര്‍വേദ"മാണ്. പഴയ സിനിമ വീണ്ടും ചവച്ചുതുപ്പുന്നതിന് പകരം പത്മരാജന്‍റെ നോവലിന് ഒരു ചലച്ചിത്രഭാഷ്യം കൊടുക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നെങ്കില്‍... (സിനിമയേക്കാള്‍ എത്രയോ മെച്ചമാണാ നോവല്‍). ആര്‍ക്കു വേണം, അല്ലേ? ഇനിഷ്യല്‍ പുള്‍, സാറ്റലൈറ്റ് റൈറ്റ്സ്‌, ഭീമയുടെ അരഞ്ഞാണം- ഇത്രയൊക്കെ മതിയല്ലോ ബാലന്‍സ് ഷീറ്റ് നേരെയാക്കാന്‍. ഇതീക്കൂടുതല് കലയെ നമ്മളെന്തര് ഉദ്ധരിക്കാന്‍? അല്ലേ സുരേഷണ്ണാ?

(*- വിനയന്‍ എന്നോട് പൊറുക്കട്ടെ)
(**- പാലേരിമാണിക്യം മറക്കുന്നില്ല)

അസ്തമയങ്ങളോട് ഒരു പരാതി


എണ്‍പതുകളുടെ ആദ്യകാലത്തിന്റെ ക്യാമ്പസ്‌ നായകന്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലുമായി കടന്നുപോയ എന്റെ ബാല്യകൌമാരങ്ങളിലെ സാന്നിധ്യമാകുന്നതിനു കാരണം അമ്മയായിരുന്നു. വേണു നാഗവള്ളി എന്ന പോലെ ബാലചന്ദ്രമേനോനിലേക്കുമുള്ള എന്റെ പാലം അമ്മ തന്നെ. എനിക്ക് തോന്നുന്നത് അമ്മ കുറച്ചെങ്കിലും സിനിമാഭ്രാന്ത്‌ പുറമേ കാണിച്ചിട്ടുണ്ടെങ്കില്‍, അത് ഇവരെ രണ്ടു പേരെയും പറ്റിയാണ്. ദൂരദര്‍ശനില്‍ "ഉള്‍ക്കടല്‍" വന്നപ്പോള്‍ കുട്ടിയായിരുന്ന എന്നെ ബഹളം വയ്ക്കാതിരിക്കാന്‍ മുറിയില്‍ അടച്ചിട്ട് അതിലെ പാട്ടുകള്‍ അച്ഛനും അമ്മയും ടേപ്പ് റിക്കോര്‍ഡറില്‍ പകര്‍ത്തുന്നത് അത്ര മങ്ങാത്ത ഓര്‍മയായി മനസ്സിലുണ്ട്.

വലുതായി സിനിമ ഒറ്റയ്ക്ക് അടുത്തറിയാനും പഠിക്കാനും തുടങ്ങിയപ്പോള്‍ വേണു എന്ന എഴുത്തുകാരനോടും സംവിധായകനോടും ആരാധനയായി. ഒട്ടു മിക്ക സിനിമകളും ഒരേ അച്ചില്‍ വാര്‍ക്കപ്പെടുന്ന മലയാളത്തില്‍ അദ്ദേഹം പുതിയ genre-കള്‍ കാട്ടിത്തന്നു. ജനപ്രിയ ചേരുവകള്‍ സമൃദ്ധമായി വിതറുമ്പോഴും മദ്ധ്യവര്‍ത്തി സൌന്ദര്യബോധത്തിന്റെയും മദ്ധ്യവര്‍ഗ മൂല്യബോധത്തിന്റെയും രുചിയായിരുന്നു അവയ്ക്ക്. (ഇത് കൂടുതല്‍ വ്യക്തമാവാന്‍ ഇതിനു നേരെ എതിരെ നടക്കുന്ന പ്രിയദര്‍ശന്റെ ഹിന്ദിയിലെ ഗ്രാഫ്‌ പരിശോധിച്ചാല്‍ മതി) സൂപ്പര്‍താരങ്ങളുടെ യഥാര്‍ഥ പ്രസക്തി എന്താണെന്ന് വേണുവിന്റെ ചിത്രങ്ങളില്‍ കാണാം. കണ്ടു പരിചയിക്കാത്ത ഗണത്തിലുള്ള ചലച്ചിത്രം ഒരുപാട് പ്രേക്ഷകരിലേക്ക്‌ എത്തിക്കാനുള്ള  വ്യാപാരഗണിതത്തിന്റെ സമസ്യ പൂരിപ്പിക്കാനാണ് സൂപ്പര്‍സ്റ്റാര്‍ തന്റെ പ്രഭാവം ഉപയോഗിക്കേണ്ടത്. കഥയുടെ പാതിയില്‍ മരിക്കുന്ന, സ്ഥിരമായി പരാജയമേറ്റു വാങ്ങുന്ന, അടി കൊള്ളുന്ന, നര കയറിയ വേണുവിന്റെ ലാല്‍ നായകന്മാര്‍ അതാണ്‌ ചെയ്തത്.

എത്രയെത്ര ഡയലോഗുകളാണ്! കിലുക്കത്തിലെയും കളിപ്പാട്ടത്തിലെയും എത്രയോ തവണ കണ്ടു മനപ്പാഠമായ തമാശകള്‍ പോട്ടെ. പരാജയത്തിന്റെയും വിഷാദത്തിന്റെയും എത്ര തീരങ്ങളില്‍ നിന്ന് "അസ്തമയങ്ങളേ, നിങ്ങളോടെനിക്ക് പരാതിയില്ല. നാളത്തെ ഉദയമാണെന്റെ ലക്ഷ്യം, അതിലേക്കാണെന്റെ യാത്ര" എന്ന് ഉറക്കെപ്പറഞ്ഞു ഞാന്‍ മുക്തി നേടിയിരിക്കുന്നു. അന്യന്റെ ഉള്ളു കാണാന്‍ കഴിയാതെ കുഴയുമ്പോള്‍, "എനിക്ക് എഴുതാനേ അറിയൂ, എഴുതാപ്പുറം വായിക്കാനറിയില്ല" എന്ന് സ്വയം ആശ്വസിച്ചു. "ബീഡിയുണ്ടോ ഒരു തീപ്പെട്ടി എടുക്കാന്‍?" എന്ന് സഖാവിനോട്‌ ചോദിച്ചത് രണ്ടും വേണ്ടിയിട്ടല്ലായിരുന്നു, തിരിച്ചു വരാത്ത സിനിമയുടെ വസന്തകാലത്തെ വീണ്ടുമൊന്നു ഓര്‍ക്കാനായിരുന്നു. 

സ്കൂളില്‍ പഠിക്കുമ്പോള്‍ കണ്ട ഒരു സ്വപ്നം- ഒരു സിനിമയുടെ തുടക്കം. മലയാളസിനിമയുടേതിലും വല്യ ക്യാന്‍വാസ്‌, സ്പെഷ്യല്‍ ഇഫക്റ്റ്സ്. ഒരുപാട് ബഹളത്തിനൊടുവില്‍ സൌണ്ട്ട്രാക്ക്‌ ശാന്തമാവുമ്പോള്‍ കേള്‍ക്കുന്നു വേണു നാഗവള്ളിയുടെ voice over! അതിനുശേഷം വേണു നറേറ്റ്‌ ചെയ്യുന്ന ഒരു കഥ എന്നത് കുറേക്കാലം ഒരു ആഗ്രഹമായി കൊണ്ട് നടന്നു. ഇന്നത്‌ വെറും സ്വപ്നം മാത്രമായി മാറിയിരിക്കുന്നു. പൂണെയിലായിരിക്കുമ്പോഴാണ്, YouTube-ല്‍ മൂന്നുനാലു മാസങ്ങളുടെ ഇടവേളയില്‍ വന്ന രണ്ടു അഭിമുഖങ്ങളിലെ അമ്പരപ്പിക്കുന്ന മാറ്റം കണ്ടു മനസ്സ് വിങ്ങിയത്. പിന്നെയും കുറെ നാള്‍ കഴിഞ്ഞ്, മലയാളസിനിമ കാലന്റെ കുരുക്കിന്റെ അറ്റത്തായിരുന്ന നാളുകളിലൊന്നില്‍ ഉത്കണ്ഠയോടെ മനോരമ ന്യൂസിലെ ചേട്ടനെ വിളിച്ചു, "വേണു നാഗവള്ളിക്ക് എങ്ങനെ?" അസുഖം മാറി ആരോഗ്യത്തിലേക്ക് തിരിച്ചുവരുന്നുവെന്ന്‍ കേട്ട് ആശ്വസിച്ചു. വരാനിരിക്കുന്ന നല്ല സിനിമകള്‍ക്കായി ഞങ്ങളിരുവരും അന്ന് പ്രാര്‍ഥിച്ചു. മാമ്പൂവും മക്കളും എന്ന പോലെ മുതിര്‍ന്ന തലമുറയെയും കണ്ടു മോഹിക്കരുതെന്നാവും പുതുമൊഴി. രണ്ടു മാസം മുന്‍പ് കൈരളിയിലെ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു,"എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് ഇപ്പോഴും നല്ല ആത്മവിശ്വാസമുണ്ട്." ഒരുപാടു കഥകള്‍ ഇനിയും പറയാനുണ്ടെന്നും ആരെങ്കിലും വന്നു അത് ചെയ്യിച്ചിരുന്നെങ്കില്‍ എന്നും പറഞ്ഞതു കേട്ട് കൊതിച്ചു, അടുത്ത് ചെന്നിരുന്ന്‍ സംസാരിക്കാന്‍, കഥകള്‍ കേള്‍ക്കാന്‍... അതെ, വെറുതേ എന്ന് അറിഞ്ഞു കൊണ്ട് വെറുതേ മോഹിച്ചൊരു മോഹം.

വെറുമൊരു സംവിധായകനും തിരകഥാകൃത്തും മാത്രമായിരുന്നോ എനിക്ക് വേണു നാഗവള്ളി? ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊറുക്കാത്ത മുറിവിന്റെ നൊമ്പരമായി എന്നെക്കൊണ്ട് ഇതെഴുതിക്കുന്നത് മരിച്ച വേണു മാത്രമായിരിക്കില്ല. എന്നിലെ കാല്പനികന്‍ ദൂരെ നിന്നും കണ്ടു കൊതിച്ച ഒന്നായിരുന്നു ആ ജീവിതം- വന്‍മരങ്ങളുടെ തണലില്‍ സംസ്‌കാരത്തിന്റെ വളക്കൂറുള്ള മണ്ണിലെ ബാല്യകൌമാരങ്ങള്‍, പ്രതിഭാസമ്പന്നമായ സുഹൃദ്ലയത്തിനു നടുവിലെ യൌവനം, സിനിമയുടെ വെള്ളിവെളിച്ചം, അതിലെ ജയപരാജയങ്ങള്‍- അങ്ങനെയങ്ങനെ. എനിക്ക് തോന്നുന്നത് ഓരോ കലാകാരനിലും ഒരു വേണു ഉണ്ടെന്നാണ്- സ്വതേ സൌമ്യനായ, എന്നാല്‍ നിമിഷാര്‍ദ്ധത്തില്‍ കോപക്കൊടുമുടി കയറുന്ന, മറ്റുള്ളവര്‍ക്കായ്‌ സ്വയം കത്തിയെരിയുന്ന, കള്ളം പറയാന്‍ നാവു വളയാത്ത, ദൌര്‍ബല്യങ്ങളെപ്പോലും തള്ളിപ്പറയാനാവാത്ത, ഒരു സ്വപ്നത്തില്‍ നിന്ന് അടുത്തതിലേക്ക് സദാ പറക്കുന്ന ഒരു "സെന്റിമെന്റല്‍ ഇഡിയറ്റ്". ആ വേണു നാഗവള്ളി ഒരിക്കലും മരിക്കാതെയിരിക്കട്ടെ എന്നാശിച്ചുപോവുന്നു.

തിരുവനന്തപുരത്ത് കിലോമീറ്ററുകള്‍ വ്യത്യാസത്തില്‍ വര്‍ഷങ്ങള്‍ താമസിച്ചിട്ടും ഒരിക്കല്‍ പോലും ഒന്ന് ചെന്ന് കണ്ടില്ലല്ലോ എന്ന് കഴിഞ്ഞ ദിവസം സങ്കടം പറഞ്ഞപ്പോള്‍ അമ്മാവന്‍ പറഞ്ഞു, "അത് നിന്റെ തെറ്റ്." അതെ, Mea Culpa. കുറ്റബോധത്തില്‍ നീറുമ്പോള്‍ വിലയില്ലാത്ത ഈ കണ്ണീര്‍ മാത്രം എന്റെ പ്രായശ്ചിത്തം. വനമലരുകള്‍ വെയില്‍ കായുന്ന വഴിയോരവും, അതിരുകാക്കുന്ന തുടുത്ത കിഴക്കന്‍ മലയും, കാകളിച്ചിന്ത് പാടുന്ന നാട്ടുപച്ചക്കിളിപ്പെണ്ണും, നമ്മള്‍ വിതച്ചു കൊയ്യുന്ന വയലുകളുമെല്ലാം പുഴയില്‍ മുങ്ങിത്താണ സന്ധ്യ പോലെ മറഞ്ഞ അവരുടെ സ്രഷ്ടാവിനെ ഓര്‍ത്തു വിലയുള്ള കണ്ണീര്‍ വാര്‍ക്കുന്നുണ്ടാവും. ഒപ്പം, കൊതിച്ചത് മുഴുവന്‍ കിട്ടാത്ത അത്താഴപഷ്ണിക്കാരായി ഒരുപാട് പ്രേക്ഷകരും.

പ്രിയ കലാകാരാ, കഥകള്‍ കേള്‍ക്കാന്‍ താങ്കളുടെ അടുത്തേയ്ക്ക് ഞാന്‍ വരും- ഇതുവരെ കാണാത്ത കരയിലേക്ക്, ഇനിയൊരു ജന്മത്തിന്‍ കടവിലേക്ക്...

കമ്പനി (2002)- (കാലഹരണപ്പെട്ട) ഒരു ചലച്ചിത്രനിരൂപണം


 "സത്യ"യ്ക്കു ശേഷം രാം ഗോപാല്‍ വര്‍മ്മയില്‍ നിന്ന് വീണ്ടുമൊരു അധോലോക കഥ. "കമ്പനി"ക്ക് "സത്യ"യുമായുള്ള പ്രധാന വ്യത്യാസം അത് അവതരിപ്പിക്കപ്പെടുന്ന ക്യാന്‍വാസിന്‍റെ വലിപ്പമാണ്. ഒരു നഗരത്തിലെ ഇരുണ്ട ലോകത്തില്‍ എത്തിപ്പെടുന്ന ചെറുപ്പക്കാരന്‍റെ ജീവിതകഥയാണ് "സത്യ"യെങ്കില്‍ കമ്പനിയിലെ കഥാപാത്രങ്ങളില്‍ പലരും ജീവിക്കുന്ന വ്യക്തികളെ ഓര്‍മിപ്പിക്കുന്നു. എന്നാല്‍ ഇവിടെയും വ്യക്തിസംഘര്‍ഷങ്ങള്‍ തന്നെയാണ് സംവിധായകന്‍റെ ഭൂമിക. അങ്ങനെ "കമ്പനി"യും തികച്ചും വ്യക്തിപരമായ ഒരു അനുഭവമാകുന്നു.

അധോലോകനായകന്‍ മാലിക്കിനോട് ജോലി ചോദിച്ചെത്തുന്ന ചന്തുവില്‍ കഥ തുടങ്ങുന്നു. വൈകാതെ തന്നെ ചന്തു മാലിക്കിന്‍റെ വിശ്വസ്തനാകുന്നു. നഗരത്തില്‍ ഇവര്‍ നേതൃത്വം നല്‍കുന്ന അധോലോകസംഘം താണ്ഡവമാടുന്നു. പോലീസ് ജോയിന്‍റ് കമ്മീഷണറായെത്തുന്ന ശ്രീനിവാസന്‍ ഇവര്‍ക്കായി വല വീശുന്നു. അതില്‍ വീഴാതെ സംഘം ഹോങ്ങ്കോങ്ങിലേക്ക് കടക്കുകയും അവിടെ പുതിയ സാമ്രാജ്യം- "കമ്പനി"- സ്ഥാപിക്കുകയും ചെയ്യുന്നു. പിന്നീട് ചന്തുവും മാലിക്കുമായി പിരിയുന്നു. അവര്‍ തമ്മിലുള്ള യുദ്ധം നഗരത്തില്‍ അക്രമങ്ങളുടെ പരമ്പര തന്നെ സൃഷ്ടിക്കുന്നു. ഒടുവില്‍ ചന്തുവിന് മാനസാന്തരം വരുകയും ശ്രീനിവാസന്‍റെ ഒപ്പം ചേരുകയും ചെയ്യുന്നു.

മാലിക്ക് ദാവൂദിന്‍റെയും ചന്തു ഛോട്ടാ രാജന്‍റെയും പകര്‍പ്പുകളാണത്രേ. ശ്രീനിവാസന് അതേ പദവി വഹിച്ച ശിവാനന്ദനോടും സാമ്യം. ചില യഥാര്‍ഥ സംഭവങ്ങള്‍ മാത്രം സ്വീകരിച്ച് വിവാദങ്ങളുണ്ടാക്കാതെ ഒരു കല്‍പിത കഥ പറയുകയാണിവിടെ. ചിത്രത്തിന്‍റെ രണ്ടാം പകുതി മിക്കവാറും സംവിധായകന്‍റെ ശുഭാപ്‌തിവിശ്വാസത്തോടെയുള്ള സ്വപ്നമാണ്.

പ്രകടമായും ഒരു ഡോക്യുമെന്‍ററിയുടെ ആഖ്യാനശൈലിയാണ് ചിത്രത്തിന്. വിവരണവും ന്യൂസ് ക്ലിപ്പിങ്ങുകളുമെല്ലാം ഉപയോഗിച്ചിരിക്കുന്നു. ഈ ചട്ടക്കൂടില്‍ നിന്നുകൊണ്ട് തന്നെ പകയ്ക്കും സ്നേഹത്തിനും ചിരിക്കും കണ്ണീരിനുമൊക്കെ ഇടം കണ്ടെത്തിയിരിക്കുന്നു രചയിതാവായ ജയ്ദീപ് സാഹ്നി. "സത്യ"യോളം ഏകാഗ്രതയില്ലെങ്കിലും രണ്ടാം പകുതിയില്‍ വേഗം പറഞ്ഞു തീര്‍ക്കാന്‍ ശ്രമിച്ചതായി തോന്നുന്നുണ്ടെങ്കിലും ചിത്രത്തിന്‍റെ ശക്തമായ അടിത്തറയാകുന്നു തിരക്കഥയും, ശക്തിയും സൗന്ദര്യവുമുള്ള സംഭാഷണങ്ങളും.

അഭിനേതാക്കളെല്ലാവരും കഥാപാത്രങ്ങളായി മാറുന്ന മനോഹാരിത ചിത്രത്തില്‍ കാണാം. അജയ്‌ ദേവ്ഗന്‍ മാലിക്കിനെ അനശ്വരനാക്കിയിരിക്കുന്നു. ചുരുക്കം ചില വാക്കുകളില്‍, ചിന്തയില്‍ മുഴുകിയ നോട്ടങ്ങളില്‍ അദ്ദേഹം ചുറ്റുപാടുകള്‍ നിയന്ത്രണത്തിലാക്കുന്നു. ചിത്രത്തിന്‍റെ മറ്റൊരു സവിശേഷത പിറകില്‍ നിന്നുകൊണ്ടും സജീവസാന്നിധ്യമാകുന്ന ശക്തരായ സ്ത്രീകഥാപാത്രങ്ങളാണ്. മനീഷയും അന്തരയും സീമാ ബിശ്വാസും കയ്യടക്കത്തോടെ അവതരിപ്പിച്ചപ്പോള്‍ കഥാഗതി നീക്കുന്നതില്‍ അവര്‍ക്കുള്ള പങ്ക് തെളിവുറ്റതായി. 

നായകസ്ഥാനത്തോളമെത്തുന്ന ശ്രീനിവാസന്‍ മോഹന്‍ലാല്‍ എന്ന പ്രതിഭയുടെ കയ്യില്‍ ഭദ്രമാണെങ്കിലും- സംവിധായകന്‍റെ നോട്ടപ്പിശകുകള്‍ മൂലമായിരിക്കാം- ചില നീണ്ട ഡയലോഗുകളില്‍ അദ്ദേഹം 'കുത്തും കോമയും' മറന്നു പോകുന്നു എന്നത് കല്ലുകടിയായി. ഒരു കാര്യം ഉറപ്പിച്ചു പറയാം- മോഹന്‍ലാലിന്‍റെ ബോളിവുഡ് പ്രവേശനത്തിന് ഏറ്റവും അനുയോജ്യമായ വേഷമായിരുന്നു ഇത്. കാസ്റ്റിങ്ങിലെ സൂഷ്മതയും ശരീരഭാഷയുടെ ഉപയോഗവും ഏറ്റവും മികച്ചത് ചോര്‍ത്തിയെടുക്കാനുള്ള സംവിധാനമികവും അപ്രധാനവേഷക്കാരില്‍പ്പോലും ദൃശ്യമാണ്. എന്നാല്‍ വര്‍മ്മയ്ക്ക് മുഴുവന്‍ മാര്‍ക്കും നല്‍കേണ്ടത് വിവേക്‌ ഒബ്രോയ്-യിലാണ്. ഉഴപ്പിയ മുടിക്കും ക്ഷൌരം ചെയ്യാത്ത മുഖത്തിനും മറയ്ക്കാനാവാത്ത, നിഷ്കളങ്കത നിറഞ്ഞ ആ കണ്ണുകള്‍ കണ്ടാണോ 'ചന്തു' എന്ന കഥാപാത്രം സൃഷ്ടിച്ചത് എന്നുവരെ തോന്നിപ്പോകുന്നു.

എന്ത് വൈകൃതവും നിറം പിടിപ്പിച്ചും ഭംഗി വരുത്തിയും കാട്ടുക എന്ന ഹിന്ദിസിനിമാനിയമങ്ങളെ പാടെ തള്ളിക്കളയുന്നു കമ്പനി. ഇരുട്ടും ഭീതിയും നിറഞ്ഞ ഒരു വിഷയം അതേ രീതിയില്‍ പറഞ്ഞെന്നതാണ് സംവിധായകന്‍റെ വിജയം. മിതത്വമുള്ള മേക്കപ്പിനും സ്വാഭാവികമായ ലൈറ്റിങ്ങിനും എന്തെല്ലാം സാധ്യതകളുണ്ടെന്ന് ഛായാഗ്രാഹകന്‍ ഹേമന്ത്‌ ത്രിവേദി കാട്ടിത്തരുന്നു. ചടുലമായ ചിത്രസംയോജനവും കൃത്യതയാര്‍ന്ന ശബ്ദലേഖനവും ഏതു വരണ്ടുണങ്ങിയ ചുറ്റുപാടുകളില്‍ നിന്നും കലാഭംഗിയുള്ള ഒരു സൃഷ്ടി നടത്താമെന്നു തെളിയിക്കുന്നു.

സ്ഥിരം ആരാധകരെ കഥയോടിഴുകിച്ചേര്‍ന്ന ഒരു "ഖല്ലാസ്സി"ലൂടെ തൃപ്തിപ്പെടുതിയിട്ട് സന്ദീപ്‌ ചൌത്ത പശ്ചാത്തലസംഗീതത്തിന് തനതായ ഒരു പാറ്റേണ്‍ സൃഷ്ടിക്കുന്നു. ദീര്‍ഘമായ നിശബ്ദത വരുന്ന രംഗങ്ങളില്‍ ക്രമരഹിതവും നിരന്തരവുമായ ചില ശബ്ദങ്ങള്‍ വഴി പുതിയ അര്‍ത്ഥങ്ങള്‍ നല്‍കിയിരിക്കുന്നു. മണിരത്നം- റഹ്മാന്‍ പോലെ ശക്തമായൊരു കൂട്ടുകെട്ടായി വര്‍മ്മ- ചൌത്ത മാറിയിരിക്കുന്നു.

ആത്യന്തികമായി കമ്പനി സംവിധായകന്‍റെ ചിത്രം തന്നെയാണ്‌. സിനിമാലോകം ഉപരിപ്ലവമായി മാത്രം കാണുന്ന ഒരു വിഷയത്തെ ഇത്രയും സെന്‍സിറ്റീവായി സമീപിച്ചതു തന്നെ രാം ഗോപാല്‍ വര്‍മ്മയിലെ ചലച്ചിത്രകാരനെ കാട്ടിത്തരുന്നു. ഹിന്ദിസിനിമയില്‍ ആദ്യമായിരിക്കും ഇത്തരമൊരു ശൈലി. സിനിമയിലൂടെ മുന്നോട്ടുപോകുമ്പോള്‍ കഥാപാത്രങ്ങളുടെ സംഘര്‍ഷങ്ങള്‍ നമുക്ക് തൊട്ടറിയാന്‍ കഴിയുന്നു. കൊലപാതകങ്ങള്‍ അവ സംഭവിക്കുന്ന അതേ നിസ്സംഗതയോടെ പകര്‍ത്തപ്പെടുമ്പോള്‍ പ്രേക്ഷകനെ പൊള്ളിക്കുന്നു. ഗാനപ്രേമികള്‍ക്ക് പശ്ചാത്തലസംഗീതവും താരാരാധനക്കാര്‍ക്ക് ഓര്‍ക്കാന്‍ ഏതാനും ദൃശ്യങ്ങളും മാത്രം നല്‍കി രണ്ടര മണിക്കൂറിലധികം നീണ്ട ഒരു ചിത്രമെടുക്കാനായത് സംവിധായകന് സ്വന്തം പ്രതിഭയിലുള്ള വിശ്വാസം കൊണ്ടാണ്. അത്രയൊന്നും പ്രശസ്തമല്ലാത്ത ഒരു സാങ്കേതികവിഭാഗം കൊണ്ട് തനിക്കാവശ്യമുള്ള തികവു നേടി അദ്ദേഹം സംവിധാനത്തിന്‍റെ അനുകരണീയ മാതൃകയാവുന്നു.

വാല്‍ക്കഷണം: കമ്പനി ഇന്ത്യയൊട്ടാകെ നല്ല നിലയില്‍ സ്വീകരിക്കപ്പെട്ടിരിക്കുന്നു. കണ്ണീരില്‍ മുങ്ങിയ കുടുംബനാടകങ്ങളോടും അതിമാനുഷിക ആക്ഷനോടും 'ഖല്ലാസ്സ്' പറഞ്ഞ് നാം റിയലിസത്തിന്‍റെ ലോകത്തിലേക്ക്‌ നീങ്ങിത്തുടങ്ങിയോ? ക്ഷമിക്കണം സര്‍, ഇത്ര ചെറിയ ഡോസ് കൊണ്ട് വന്ന വഴി മറക്കാന്‍ ഇന്ത്യന്‍ പ്രേക്ഷകന്‍ ചന്തു അല്ലല്ലോ!!

പിന്‍കുറിപ്പ്‌: 2002-ല്‍ എഞ്ചിനീയറിംഗ് പരീക്ഷ നീട്ടി വച്ചതിനാല്‍ കിട്ടിയ ഒരു അവധിക്കാലത്ത്‌ സിനിമ കണ്ട് തിരികെവന്ന്‍ നോട്ട്ബുക്കിന്‍റെ താളുകളില്‍ കുറിച്ചത്. അന്ന് സ്വന്തമായി കമ്പ്യൂട്ടറില്ല, 'ബ്ലോഗ്‌' എന്നൊന്നും കേട്ടിട്ടേ ഇല്ല. (പൈറ ലാബ് ഏറ്റെടുക്കണോ എന്ന് ഗൂഗിള്‍ ആലോചിക്കുന്നു!). എഴുതിയത് ആരെയും കാണിക്കാതെ അന്ന് അടുത്തുകണ്ട മാധ്യമത്തില്‍- മനോരമ ഓഫീസില്‍- കൊണ്ടുക്കൊടുത്തു. അവിടത്തെ ചവിട്ടുകൊട്ടയെ അത് അലങ്കരിച്ചുകാണണം. പക്ഷെ തെറ്റ് എന്റേതായിരുന്നു. മനോരമയില്‍ അന്ന് ചലച്ചിത്രനിരൂപണങ്ങള്‍ക്കായി ഒരിടം ഇല്ലായിരുന്നു (ഇന്നും). പിന്നെ കൊണ്ടുക്കൊടുത്തതും റിസപ്ഷനിലോ ന്യൂസ് ഡെസ്കിലോ മറ്റോ ആയിരുന്നിരിക്കണം, കൃത്യമായി ഓര്‍മയില്ല.

എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം പഴയ പുസ്തകങ്ങള്‍ക്കിടയില്‍ നിന്ന് രണ്ടു താളുകളില്‍ ഇത് കണ്ടപ്പോള്‍ കൌതുകം തോന്നി, പൊടി സങ്കടങ്ങളും. ഭാഷയിലും ശൈലിയിലുമൊന്നും 19-കാരന്‍ വളരെയൊന്നും പുരോഗമിച്ചിട്ടില്ലെന്നത് ഒന്ന്. (താരതമ്യേന പുതിയ ക്രൂരകൃത്യങ്ങള്‍ ഇവിടെ കാണാം) മറ്റൊന്ന് ഈ നിരൂപകനില്‍ ഇത്രയും പ്രതീക്ഷ ഉണ്ടാക്കിയ രാം ഗോപാല്‍ വര്‍മ്മയും വിവേക്‌ ഒബ്രോയ്-യും പിന്നെ എന്തൊക്കെ ചെയ്തു എന്നത്. (വര്‍ഷങ്ങള്‍ക്കുശേഷം "നിശബ്ദ്" കണ്ട് നിരാശനായി എഴുതിയത് ഇവിടെ). [മുന്നറിയിപ്പ്: ഈ പറഞ്ഞ രണ്ടു ലിങ്കുകളിലും മുറിയിന്ഗ്ലീഷില്‍ ആണ് അഭ്യാസം. സൂക്ഷിക്കുക!] ഏറ്റവും വലിയ സങ്കടം വര്‍ഷങ്ങള്‍ ഇത്രയും കഴിഞ്ഞിട്ടും, ന്യൂസ് ചാനുകള്‍ പലതു വന്നിട്ടും, മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ നിഷ്പക്ഷമായ ചലച്ചിത്രനിരൂപണങ്ങള്‍ക്ക് സ്ഥലമില്ല എന്നതാണ്. എഴുതാതെ വയ്യ എന്നുള്ളപ്പോള്‍ ബ്ലോഗുകള്‍ ഉണ്ടെന്നൊരു വ്യത്യാസം മാത്രം. web 2.0-യ്ക്ക് വീണ്ടും സ്തുതി!

പൊലിയാതെ കത്തുന്ന നെയ്ത്തിരികള്‍*...സൈലന്‍റ് വാലി പദ്ധതിക്കെതിരെ പ്രക്ഷോഭത്തിനു ക്ഷണിച്ചുകൊണ്ട് എന്‍ വി കൃഷ്ണവാര്യര്‍ അയച്ച കത്തിലെ ഒരു വരി സുഗതകുമാരി ടീച്ചര്‍ ഒരിക്കല്‍ ഉദ്ധരിച്ചതോര്‍ക്കുന്നു: "തോല്‍ക്കുന്ന യുദ്ധങ്ങള്‍ക്കും പടയാളികള്‍ വേണം". കുറച്ചു നാള്‍ കഴിഞ്ഞാണ് അരുന്ധതി റോയിയുടെ "The End of Imagination"-ല്‍ ഇങ്ങനെ വായിച്ചത്: "There are plenty of warriors that I know and love, people far more valuable than myself, who go to war each day, knowing in advance that they will fail. True, they are less 'successful' in the most vulgar sense of the word, but by no means less fulfilled". വന്യതയില്‍ അതിക്രമിച്ചു കടക്കുന്ന നഗരത്തെ ചെറുക്കാന്‍ നടന്ന യുദ്ധങ്ങളില്‍ മിക്കതും പരാജയപ്പെട്ടതായി ചരിത്രം രേഖപ്പെടുത്തുന്നു. സൈലന്‍റ് വാലി ഒരു ഒറ്റപ്പെട്ട വിജയഗാഥ ആയിരുന്നിരിക്കണം. മറുതട്ടിലെ പരാജയപ്പെട്ട അനേകം യുദ്ധങ്ങളുടെ കനം ഇന്ന് നാഗരികരുടെ പോലും ഉറക്കം കെടുത്താന്‍ തുടങ്ങിയിരിക്കുന്നു.

ഇപ്പോള്‍ ഇതൊക്കെ ഓര്‍ത്തത്‌ ജെയിംസ്‌ കാമറൂണിന്‍റെ "അവതാര്‍" കണ്ടപ്പോഴാണ്. പലരും പലവുരു പറഞ്ഞു കഴിഞ്ഞത് പോലെ അതൊരു വിസ്മയക്കാഴ്ച തന്നെയാണ്, സംശയമില്ല- ഒന്നാന്തരം കലാകാരനായ കാമറൂണും അനേകശതം സാങ്കേതിക വിദഗ്ദ്ധരും ചേര്‍ന്ന് സൃഷ്ടിച്ച മായാലോകം തിയറ്ററുകളിലേക്ക് പ്രേക്ഷകനെ വരുത്താന്‍ കഴിയുന്ന ഒരനുഭവം (അഥവാ അങ്ങനെ ഒരു പ്രചരണം നടത്താനുള്ള സാധ്യത തരുന്ന ഒന്ന്) തന്നെ. ഇതിനു മുന്‍പ് ഇങ്ങനെ "തിയറ്റര്‍ അനുഭവം" ആയി പ്രചരിപ്പിക്കപ്പെട്ട ഒരു ചിത്രം  കാമറൂണിന്‍റെ തന്നെ "റ്റൈറ്റാനിക്ക്" ആണ്. ക്യാന്‍വാസിന്‍റെ വലിപ്പത്തില്‍ "അവതാര്‍" "റ്റൈറ്റാനിക്കി"നെ മറികടക്കും- കപ്പലും കടലുമൊന്നുമല്ല, അത്ഭുതങ്ങള്‍ നിറഞ്ഞ ഒരു പുതിയ ഗ്രഹവും അതിലെ സകല ജീവജാലങ്ങളും നമുക്ക് മുന്നില്‍ തെളിഞ്ഞു വരുന്നു (3D-യിലാണെങ്കില്‍ തൊട്ടു മുന്നില്‍ :) ). ആദ്യം പറഞ്ഞ പോലെ സമ്പത്തിനോടുള്ള മനുഷ്യന്‍റെ അത്യാഗ്രഹവും അതിനു ബലിയാകേണ്ടി വരുന്ന ന്യൂനപക്ഷത്തിന്‍റെ ചെറുത്തുനില്‍പ്പുമാണ് ചിത്രത്തിന്‍റെ പ്രമേയം. പലരും "വിയറ്റ്നാം കോളനി"യുമായി താരതമ്യം ചെയ്തതില്‍ തെറ്റില്ല. പക്ഷെ, അത് ഒരു ന്യൂനത ആണെന്ന് ഞാന്‍ പറയില്ല. എന്നും പ്രസക്തവും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ് ഈ വിഷയം. അതുകൊണ്ട് പ്രമേയത്തില്‍ പുതുമയില്ല എന്ന വാദത്തില്‍ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. കുറ്റം ചികയാനാണെങ്കില്‍ ആദ്യം പറയേണ്ടത്, ഹോളിവുഡ് യുദ്ധസിനിമകളിലെ സ്ഥിരം ക്ലീഷേകളുടെ സാന്നിധ്യമാണ്. പക്ഷെ അവയും കല്ലുകടിയില്ലാതെ ഇണക്കിചേര്‍ത്തിട്ടുണ്ട്. (250 മില്ല്യന്‍ ഡോളര്‍ മുടക്കുമ്പോള്‍ പരീക്ഷണങ്ങള്‍ക്ക് സാധ്യത കുറയുന്നു എന്നത് സത്യം, കാമറൂണ്‍ ആണെങ്കില്‍ പോലും)

സിനിമയ്ക്കൊപ്പം തന്നെ ആവേശകരമാണ്, തന്‍റെ സ്വപ്നം സഫലമാക്കാന്‍ കാമറൂണ്‍ നടത്തിയ യാത്ര: പൂര്‍ത്തിയായിക്കഴിഞ്ഞ തിരക്കഥയുമായി സാങ്കേതികവിദ്യ വളരാന്‍ ഒരു പതിറ്റാണ്ടിന്റെ കാത്തിരിപ്പ്‌, തന്‍റെ മനസ്സിലെ ലോകം സ്ക്രീനില്‍ വരുത്താന്‍ സ്വന്തമായി നിര്‍മിച്ച സങ്കേതങ്ങള്‍... ഇന്ത്യയില്‍ ഒരു സംവിധായകന് ഈ luxury കിട്ടില്ല എന്ന് വാദിക്കാം. പക്ഷെ, ശ്രദ്ധേയമായ കാര്യം ഒരു കലാകാരന്‍ എന്ന നിലയില്‍ അദ്ദേഹം എടുത്ത തീരുമാനമാണ്- തന്‍റെ മനസ്സിലെ സിനിമ സ്ക്രീനില്‍ വരുമ്പോള്‍ പ്രസരണനഷ്ടം വരരുത് എന്ന വാശി. അങ്ങനെയൊരു തീരുമാനത്തില്‍ സാമ്പത്തികം ഒരു പ്രധാനഘടകം അല്ല എന്നുതന്നെയാണ് എന്‍റെ വിശ്വാസം. 

മനസ്സില്‍ എന്നും തങ്ങി നില്‍ക്കുന്ന സിനിമകളില്‍ ഒന്നായി "അവതാര്‍" കാണുമോ എന്ന് ഉറപ്പിക്കാന്‍ വയ്യ. 'പണ്ടോര'യുടെ നിറപ്പകിട്ടില്‍ ഈ ചിത്രത്തിന് പിന്നിലെ ചിന്ത മങ്ങിപ്പോവാതിരുന്നെങ്കില്‍  എന്ന് ആശിച്ചുപോവുന്നു. കഥകളില്‍ നന്മ ജയിക്കുന്നതാണ് പതിവ്, അതില്‍ പരാതിയില്ല. പക്ഷെ, യാഥാര്‍ത്ഥ്യം നേരെ തിരിച്ചാവണമെന്ന് നിര്‍ബന്ധമുണ്ടോ? അനേകം "നാ'വി- RDA കോര്‍പ്പറേഷന്‍" യുദ്ധങ്ങള്‍ ദിവസേനയെന്നോണം നടക്കുന്നുണ്ട്- ഒറിസ്സയിലെ നിയാമഗിരിയില്‍, പ്ലാച്ചിമടയില്‍, നര്‍മദാതടങ്ങളില്‍- അങ്ങനെ ലോകത്ത് പലയിടത്തും. ഈ യുദ്ധത്തില്‍ ദുര്‍ബലര്‍ക്ക് വിജയം നേടുക പ്രയാസമാണ്. കാരണം ഇവിടെ ശക്തന്റെ ആയുധം തോക്കുകളോ ബോംബുകളോ അല്ല, വാക്കുകളാണ്, മാധ്യമങ്ങളാണ്. ദുര്‍ബലന്‍ സംഘടിച്ചാല്‍ അവന്‍ തീവ്രവാദിയായി മുദ്രകുത്തി വേട്ടയാടപ്പെടുന്നു. എങ്കിലും അവന്‌ യുദ്ധം തുടരാതെ വയ്യ- കാരണം അവന്‌ നഷ്ടമാകാന്‍ പോവുന്നത് കാല്‍ക്കീഴിലെ മണ്ണാണ്, അതില്‍ പടര്‍ന്നുപോയ വേരുകളാണ്. ഇതുകൊണ്ട് തന്നെയാണ്, ചിത്രത്തിന് തുടക്കത്തില്‍ കണ്ട, ഭീമാകാരമായ മണ്ണുമാന്തിയന്ത്രത്തില്‍ തറഞ്ഞുകയറിയ ചെറിയ അമ്പുകളുടെ വന്യഭംഗി ഉടനെയൊന്നും മനസ്സില്‍ നിന്നു മായില്ല എന്നെനിക്കു തോന്നുന്നത്.  

*നെയ്ത്തിരി- അവതാറിലെ നായികയുടെ പേര്  :)

Find the expanded version in English here

ബ്ലോഗുകളെക്കുറിച്ച് തന്നെ...

പ്രശസ്ത ബ്ലോഗന്‍ ആയ പയ്യനുമായി നടത്തിയ ഒരു ചാറ്റല്‍ ആണിത് (നടന്ന പടി തന്നെ ഇടുന്നു). അദ്ദേഹം ഇവിടെ പരാമര്‍ശിക്കുന്ന "തര്‍ക്കം" ഇതാണ്. ഇതില്‍ എന്‍റെ വാദഗതികള്‍ക്ക് വിശദീകരണം പിറകേ വരുന്നുണ്ട്. പയ്യന്‍റെ നയം അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞല്ലോ... 

(ചാറ്റലുകളുടെ പൊതുസ്വഭാവം ഇതും പാലിക്കുന്നു- ചോദ്യം, ഉത്തരം എന്നിവ ഒരുമിച്ചു ഒന്നുമാവില്ല, ഒരുവന്‍ പറയുമ്പോള്‍ അത് ശ്രദ്ധിക്കാതെ വേറെ എന്തെങ്കിലും പറയുക, എല്ലാത്തിനുമുപരി പെയ്തുതീരാതെ ഇങ്ങനെ ചാറി നില്‍ക്കുക... ചാറ്റിയും ചാറ്റല്‍ കണ്ടും പരിചയമുള്ളവര്‍ക്ക് സംഗതി പ്രശ്നമാവില്ല എന്നാണു പ്രതീക്ഷ.)ഞാന്‍: വയറിളക്കം എന്ന പ്രയോഗം ഇവിടെ നിന്നാണ്. 

പയ്യന്‍: established ആയ പല ബ്ലോഗ്ഗര്‍മാര്‍ക്കും ഒരു പ്രശ്നം ഉണ്ട്... മറ്റേതൊരു മാധ്യമത്തെയും പോലെ ബ്ലോഗുകളുടെ foremost aim ഒരു community-യെ serve ചെയ്യുക എന്നുള്ളതാണ് എന്ന് അവര്‍ക്ക് ഒരു വിചാരം ഉണ്ട്. blog എന്ന മീഡിയത്തിനു ഒരൊറ്റ ലക്ഷ്യമേ ഉള്ളു... indidviual expression. ആര്‍ക്കും എന്തും എഴുതി വെക്കാവുന്ന anarchist extreme‍... അതാണ്‌ ഓരോ ബ്ലോഗും... ബ്ലോഗുകളെ കീറിമുറിച്ച്‌ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നത് പോലെ ഉള്ള ഒരു മണ്ടത്തരം അത് കൊണ്ട് തന്നെ വേറെ ഇല്ല. ആ വിശകലവും മറ്റൊരു individual opinion മാത്രം ആയി തീരും... 

ഞാന്‍: huh. ഇത് വളരെ പഴഞ്ചന്‍ ചിന്ത അല്ലെ? 

പയ്യന്‍: തീരെ അല്ല 

ഞാന്‍: ആണ് 

പയ്യന്‍: എന്താണ് നിന്‍റെ ചിന്ത? 

ഞാന്‍: ഞാന്‍ പറയട്ടെ. ഈ ഒരു differentiation നിന്റെ മനസ്സില്‍ തോന്നിയത് തന്നെ തെറ്റല്ലേ? മറ്റു ഇതൊരു മാധ്യമവും പോലെ ആണ് ബ്ലോഗ്‌ എന്ന് കാണുക 

പയ്യന്‍: അതെ. തെറ്റാണ്.
അല്ല. മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഒരു social responsiblity ഉണ്ട്... 

ഞാന്‍: അപ്പോള്‍ അത് ആശയ പ്രകാശനത്തിന് ഉള്ള ഒരു മാര്‍ഗം മാത്രം 

പയ്യന്‍: ബ്ലോഗിന് അത് വേണമെന്നില്ല 

ഞാന്‍: അങ്ങനെ വരുമ്പോള്‍ മറ്റു ഇതൊരു മാധ്യമത്തിലൂടെ വരുന്ന ആശയങ്ങളെയും പോലെ അതും വിശകലനം അര്‍ഹിക്കുന്നു :) അല്ലെ? of course, ഞാന്‍ പറയുന്നത് ഈ മാധ്യമം serious ആയി എടുക്കുന്നവരെ പറ്റിയാണ് 

പയ്യന്‍: ആ വിശകലനത്തിന് പോലും ഒരു individual thought എന്നുള്ളതിനപ്പുറമുള്ള relevance ഒരിക്കലും ഉണ്ടാകില്ല എന്നാണ് ഞാന്‍ പറയുന്നത് 

ഞാന്‍: അങ്ങനെ എടുക്കുന്നവര്‍ക്ക് ആ responsibility കാണും.
പിന്നെ, മുഖ്യധാരാ മാധ്യമങ്ങളുടെ responsibility -യെ പറ്റി നീ പറഞ്ഞത് എത്ര മാത്രം ശരിയാണ്? :) 

പയ്യന്‍: ഈ മാധ്യമം serious ആയി എടുക്കുന്നവര്‍, ഇതിനെ മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവരെ കുറച്ചു കാണാനുള്ള ഒരു മനസ്ഥിതി exhibit ചെയ്യുന്നുണ്ട് പലപ്പോഴും... അങ്ങനെ ഉള്ളവരെ നോക്കി ചിരിക്കാന്‍ അല്ലാതെ വേറെ ഒന്നിനും വയ്യ... 

ഞാന്‍: individual thought അത്രയ്ക്ക് മോശം ആണോ, സാര്‍? :) 

പയ്യന്‍: മുഖ്യധാരാ മാധ്യമങ്ങള്‍ എന്ത് മാത്രം responsible ആണ് എന്നുള്ളത് രണ്ടാമത്തെ കാര്യം... but they have a responsibitlity that has been bestowed upon them by history... whether they like it or not
individual thought മോശം ആണെന്നല്ല... പക്ഷെ അത് അഹങ്കാരം ആകുമ്പോള്‍ (ആയാലും blog ആയതുകൊണ്ട് കുഴപ്പം ഇല്ല)... :D അതാണ് ബ്ലോഗിന്‍റെ difference
എന്‍റെ concept-ല്‍ the blog is the closest human race has come to anarchy in the known history 

ഞാന്‍: മ്മ്.. "എന്‍റെ concept-ല്‍ the blog is the closest human race has come to anarchy in the known history" ഒഴിച്ചു ബാക്കി സമ്മതിക്കുന്നു 

പയ്യന്‍: അത് നിന്‍റെ opinion. :D
blogosphere-ഇല്‍ നടക്കുന്ന നിഴല്‍ യുദ്ധങ്ങളെ പറ്റി നിനക്കറിയില്ലേ... 

ഞാന്‍: i wil say, it's the most democratic form of expression ever in the history of human race :)
നിഴല്‍ യുദ്ധങ്ങള്‍ മാത്രമല്ല, അസ്സല്‍ തീവെട്ടി കൊള്ള തന്നെയല്ലേ ചരിത്രം മുഴുവന്‍?
പിന്നെ, ബ്ലോഗുകള്‍ മാത്രം എന്തിനു വേറെ ആയി കാണണം? 

പയ്യന്‍: mainstream me‍dia: കുട്ടിയാണോ വയറിളക്കമാണോ എന്ന് തീരുമാനിക്കുന്നത്‌ വായനക്കാര്‍ ആണ്.
blog: അതില്‍ തീരുമാനിക്കുന്നത്‌ എഴുതുന്നവന്‍ തന്നെ ആണ്. മറിച്ചൊരഭിപ്രായം അവിടെ irrelevant ആണ്.
ഇതാണ് വ്യത്യാസം
വായനക്കാരന്‍ എന്ന concept തന്നെ ബ്ലോഗില്‍ irrlevant ആകുന്ന situations വരും. പക്ഷെ mainstream me‍dia-ക്ക് വായനക്കാരനില്ലെങ്കില്‍ അസ്ഥിത്വം ഇല്ല 

ഞാന്‍: അത് നല്ലതോ ചീത്തയോ? മ്മ്... രണ്ടും ആവാം, അല്ലെ?
നീ ജയരാജിനെ പറ്റി പറഞ്ഞില്ലേ? പുള്ളി എല്ലാ പ്രേക്ഷകരെയും നോക്കി പന്ന പടം ചെയ്യുന്നു 

പയ്യന്‍: hmm 

ഞാന്‍: പ്രേക്ഷകന്‍ വേണ്ട എന്നൊരു സ്ഥിതി ഉണ്ടായിരുന്നെങ്കിലോ? പുള്ളി നല്ല പടം ചെയ്യുമാരുന്നു എന്ന് വാദിക്കാം, അല്ലെ? :) 

പയ്യന്‍: അത് കൊണ്ട് തന്നെ ഒരിക്കലും ജയരാജിന് full സ്വന്തം ഇഷ്ടത്തില്‍ പടം ചെയ്യാന്‍ പറ്റില്ല
അതെ 

പയ്യന്‍: അതൊരു വാദം മാത്രം... :D
അത് കൊണ്ടാണ് ഞാന്‍ പറഞ്ഞത് അത് anarchy-ടെ ultimate expression ആണ് എന്ന്
democracy നിലനില്‍ക്കുന്നത് solutions ഉണ്ടാക്കാന്‍ ആണ്... അതിന്‍റെ argumentataive nature soultion oriented ആണ്... 

ഞാന്‍: ഇനി മറ്റേ കയ്യില്‍ (on the other hand) പ്രേക്ഷകന്‍ ഇല്ല എന്ന് വരുമ്പോള്‍ അയാള്‍ കൂടുതല്‍ anarchy യിലേക്ക് പോവുമെന്നും കൂടുതല്‍ കൂതറയായി പടം പിടിക്കുമെന്നും പറയാം 

പയ്യന്‍: anarchy-ക്ക് അങ്ങനത്തെ obligations ഇല്ല 

ഞാന്‍: അതും ഒരു വാദം 

പയ്യന്‍: അതും ഒരു വാദം. by nullifying the relevance of argume‍ntation, blogging sides with anarchy rather than democracy.. :) അത് എന്‍റെ വാദം 

ഞാന്‍: എടാ,ഞാന്‍ അംഗീകരിക്കുന്നു: ജനാധിപത്യത്തിന്റെ സത്ത സംവാദങ്ങള്‍ ആണ് 

പയ്യന്‍: ക്രിയാത്മകമായ സംവാദങ്ങള്‍... 

ഞാന്‍: പക്ഷെ, നീ പറയുന്ന പരമ്പരാഗത മാദ്ധ്യമങ്ങളില്‍ സംവാദത്തിനു എവിടെയാണ് സ്ഥാനം? അത് എന്നും one-way ആയിരുന്നല്ലോ? ബ്ലോഗുകളുടെ ഒക്കെ വരവോടെയാണ് അവര്‍ പോലും 2 way എന്ന് ചിന്തിച്ചു തുടങ്ങിയത്. so? 

പയ്യന്‍: me‍dia shapes opinions by transparent information disclosure. അതാണ് അവരുടെ purpose in a political system. പിന്നെ നീ പറഞ്ഞ 2 way... ബ്ലോഗുകള്‍ എത്രയൊക്കെ popular ആയാലും അവയ്ക്ക് ഒരു പരിധിയുണ്ട്... കാരണം അതില്‍ anonymity-യുടെയും trust-ന്‍റെയും ഒരു eleme‍nt lacking ആണ്. നമ്മുടെ നാട്ടില്‍ ഇപ്പോളും മാതൃഭുമിയും മനോരമയും വിറ്റു പോകുന്നത് പഴയ ഒരു പേരിന്‍റെ പുറത്താണ്... proper branding. എനിക്കറിയാത്ത ഒരാള്‍ പറയുന്നതാണോ കൊല്ലങ്ങളായി ഞാന്‍ കാണുന്ന പത്രത്തെ ആണോ ഞാന്‍ കൊടുത്താല്‍ വിശ്വസിക്കുക? പത്രം എത്ര മോശം ആണെങ്കിലും അത് വായിക്കാന്‍ ആളുണ്ടാകും...
അതിന്‍റെ social identity വളരെ tangible ആണ്. നേരെ മറിച്ച് ഓരോ ബ്ലോഗ്ഗറുടെ identity അവന്‍റെ IP address-ഇല്‍ തീരുന്നു...
കേരളത്തില്‍ നല്ല രീതിയില്‍ കമ്മ്യൂണിസം പറയുന്ന നല്ല left ബ്ലോഗ്ഗര്‍മാരുണ്ട്. അതുപോലെ തന്നെ tirades നടത്തുന്ന fanatics-ഉം ഉണ്ട്... പക്ഷെ ആരാണ് ultimately നല്ലവന്‍ / കെട്ടവന്‍ എന്ന suspicion മനസ്സില്‍ നിന്നും 100% കളയാന്‍ സാധിക്കില്ല. got it? 

ഞാന്‍: പൂര്‍ണമായും യോജിക്കുന്നു. പക്ഷെ, നീ ഇത് ആലോചിക്കൂ- fanatic നും leftist നും എല്ലാം സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം അല്ലെ യഥാര്‍ത്ഥ ജനാധിപത്യം? 

പയ്യന്‍: അല്ല 

ഞാന്‍: നല്ലത്/ കെട്ടത് എന്ന വിവേചനം ultimately ഉണ്ടാവേണ്ടത് ഓരോ വായനക്കാരന്റെയും മനസ്സില്‍ അല്ലെ? അതല്ലേ ഏറ്റവും നല്ല censorship? 

പയ്യന്‍: പരിപൂര്‍ണ സ്വാതന്ത്യം democracy ആകാന്‍ ബുദ്ധിമുട്ടാണ്... കാരണം ഒരു society-ക്ക് exist ചെയ്യാന്‍ ഒരുപാട് opinions-നെ കണ്ടില്ല എന്ന് നടിക്കേണ്ടി വരും... ഏത് democracy എടുത്താലും അതില്‍ ഒരു dominant group ഉണ്ടാകും... അതു മോശം ആണ് എന്ന് തള്ളി കളയാന്‍ പറ്റില്ല. പലപ്പോഴും അതു മോശം ആണ്... പക്ഷെ ചിലപ്പോളൊക്കെ അതു ആവശ്യം ആണ്. example: north kerala-യില്‍ ഇപ്പോളും open ആയിട്ട് പാകിസ്ഥാനെ support ചെയ്യുന്ന സംഘടനകളുണ്ട്... അവര്‍ എല്ലാവരും ഒരു blogosphere വഴി അവരുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചാല്‍ അതു democracy ആകുമോ?
100% democracy is no better than anarchy 

ഞാന്‍: ഇന്ത്യ ഒരു controlled democracy ആണെന്ന് നീ പറയുമോ? 

പയ്യന്‍: pseudo democracy ആണെന്ന് ഞാന്‍ പറയും... but unfortunately due to various reasons, it is the best we can have എന്നും ഞാന്‍ പറയും...
പല വിധ കാരണങ്ങള്‍ കൊണ്ട് blog ചെയ്യുന്നവരുണ്ടാകും...വായനക്ക് ആളുകള്‍ വന്നു comme‍nt ഇട്ടു തന്‍റെ blog ഒരു സംഭവം ആക്കണം എന്ന് കരുതുന്നവര്‍ തൊട്ട് ഏകാന്തതയും മുഷിപ്പും ഒഴിവാക്കാന്‍ ഒരു virtual diary എഴുതുന്നത്‌ പോലെ ഉള്ളവര്‍ വരെ... അതിനെ എല്ലാം വയറിളക്കവും കുട്ടികളും ഒക്കെ ആയി classify ചെയ്യുന്നവര്‍ നേരത്തെ പറഞ്ഞ ആദ്യത്തെ category-ല്‍ ആകും കൂടുതലും പെടുക.. and tht is not coincedental..
എന്‍റെ അഭിപ്രായത്തില്‍ berly epitomises all tht is abt blogging... തോന്ന്യവാസം... 

ഞാന്‍: ബെര്‍ളിയെ പറ്റി പറഞ്ഞത് സത്യം ആണ് 

പയ്യന്‍: അതു കൊണ്ട് തന്നെ ആണ് ബെര്‍ളി super blogger ആകുന്നത്... ആരെന്തു പറഞ്ഞാലും ഒരു പുല്ലുമില്ല...

ഞാന്‍: ഞാന്‍ ബെര്‍ളി-യെ തമാശക്കാരന്‍ എന്ന നിലയിലാണ് കാണുന്നത്. ഭാഷ കൊള്ളാം. സീരിയസ് ആയി എഴുതുമ്പോള്‍, സില്‍ക്ക് സ്മിത-യെപ്പറ്റി ഉള്ള പോസ്റ്റ്‌ പോലെ. പക്ഷെ, നീ പറഞ്ഞ anarchy വളരെ കൂടുതല്‍ ആണ് 

പയ്യന്‍: :) 

ഞാന്‍ഉമേഷേട്ടനെ പറ്റി അങ്ങനെ പറയാന്‍ പറ്റില്ല. ഉത്തരവാദിത്തം ഉണ്ട് 

പയ്യന്‍: എനിക്കൊരു ചേട്ടനെയും അറിയില്ല. 

ഞാന്‍: വയറിളക്കം, കുട്ടികള്‍ പോസ്റ്റ്‌ :P 

പയ്യന്‍: അതു കൊണ്ട് തന്നെ എനിക്ക് തോന്നിയ കാര്യം ഞാന്‍ പറഞ്ഞു.
മനസ്സിലായി 

ഞാന്‍: നിന്‍റെ generalisation ആണ് ഞാന്‍ തെറ്റായി പറയുന്നത്. നീ ബ്ലോഗിന്റെ പ്രതീകമായി എന്തിനു ബെര്‍ളിയെ കാണുന്നു? "ബ്ലോഗിലെ anarchy"- യുടെ പ്രതീകം എന്ന് ആക്കാം 

പയ്യന്‍: anarchy അല്ലാതെ ബ്ലോഗിന് വേറെ definitions ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല... അതുകൊണ്ട്... :) 

ഞാന്‍: മുഖ്യധാരാ മാധ്യമങ്ങള്‍ anarchy കാട്ടിയാല്‍ എന്ത് ചെയ്യും? അവര്‍ക്ക് ആര് മണി കെട്ടും?

Followers

About Me

My photo

I am Jack's gift to see people...